പണം

പണത്തെക്കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടുകള്‍, നിലവിലെ സാമ്പ്രദായികമായ സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് വളരെയേറെ വ്യത്യസ്ഥമാണ്. സാമ്പത്തിക ലക്ഷ്യത്തിന് പുറമേ സാമൂഹിക താല്പര്യവും പണത്തിന് നിര്‍വ്വഹിക്കാനുണ്ടെന്ന് ഇസ്ലാം അനുശാസിക്കുന്നു. എങ്ങനെ പണം സമ്പാദിക്കുന്നുവെന്നതിനും എങ്ങനെ ചെലവഴിക്കുന്നുവെന്നതിനും ഇസ്ലാം വളരെ പ്രാധാന്യം കല്പിക്കുന്നു. ക്രയവിക്രയ മാധ്യമമെന്നതിലുപരി, സാമൂഹിക പ്രതിബദ്ധതയോടെ കൂടി ചെലവഴികേണ്ടതാണ് പണമെന്നും, പണത്തിന്റെ ശുദ്ധീകരണമുള്‍പ്പടെയുള്ള (സക്കാത്ത്) കാര്യങ്ങൾക്ക് ഇസ്ലാം വളരെ പ്രാധാന്യം നൽകുന്നു.

പ്രപഞ്ചത്തിലെ സകലതും, സ്വര്‍ഗ്ഗവും, ഭൂമിയും, ഭൂതലത്തിലെ സര്‍വ്വവും അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. അടിസ്ഥാനപരമായി ഇത് അര്‍ത്ഥമാക്കുന്നത് സമ്പത്തും പണവും ഉള്‍പ്പടെ സകലതിന്റേയും ഉടമസ്ഥന്‍ അല്ലാഹുവാണെന്നാണ്. അവ കൈകാര്യം ചെയ്യാനുള്ള അവകാശം മാത്രമേ നമ്മൾ മനുഷ്യർക്ക് നല്‍കിയിട്ടുള്ളൂ. മനുഷ്യന്‍ പണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയാന്‍ അല്ലാഹുവിന് ഉദ്ദേശ്യവുമുണ്ട്. അന്ത്യദിനത്തിൽ പണത്തേയും സമ്പത്തിനെയും കുറിച്ച് മനുഷ്യനോട് ചോദിക്കുക തന്നെ ചെയ്യും. പണം എങ്ങനെ സ്വായത്തമാക്കിയെന്നും, എങ്ങനെ വിനിയോഗിച്ചുവെന്നും മറുപടി പറയേണ്ടതായി വരും.

ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ പണം സൃഷ്ടിക്കപ്പെട്ടത് സാധനങ്ങളും സേവനങ്ങളും ക്രയവിക്രയംചെയ്യുന്നതിനുള്ള ഒരു മാധ്യമമായിട്ടാണ്; അല്ലാതെ പണം കൊടുത്ത് കൂടുതല്‍ പണം തിരിച്ചു വാങ്ങുന്നതിനല്ല. പണം ഒരു ഉല്പന്നമല്ല, സാധനങ്ങളും, സേവനങ്ങളും കൈമാറ്റം ചെയ്യാന്‍ വേണ്ടി യല്ലാതെ നേരിട്ട് ഉപയോഗിക്കുവാനുള്ളതല്ല പണം.

പണത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമല്ല, ഇസ്ലാമിനുള്ളത്. എന്നാൽ ഒരാള്‍ക്ക് ഒരു ഉപജീവന മാർഗ്ഗം ഉണ്ടാകണമെന്നും , അയാള്‍ ചെലവു ചെയ്യാൻ കടമപെട്ടവർക്കുവേണ്ടി കഴിവിനനുസരിച്ച് പണം സമ്പാദിക്കുവാന്‍ ബാദ്ധ്യസ്ഥനാണ്. ഈ ഉത്തരവാദിത്വം അവഗണിക്കുകയും, കുടുംബത്തിന്റെ ഉപജീവനത്തിനുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും, പാപകരമായ ജീവിതം നയിക്കുകയാണ് ചെയ്യുന്നത്.

ഇസ്ലാം കച്ചവടത്തേയും വ്യാവസായിക പ്രവര്‍ത്തനങ്ങളേയും അനുകൂലിക്കുന്നു. എന്നാല്‍, അതേസമയം തന്നെ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍, സാഹോദര്യവും, ഉയര്‍ന്ന ധാര്‍മ്മികമൂല്യവും, ആദര്‍ശനിഷ്ഠയും, ദൈവഭയവും പുലര്‍ത്തുന്നതിന് പരമമായ പ്രാധാന്യം നല്‍കേതാണ്. സമൂഹം അംഗീകരിച്ച മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ, സമ്പത്ത് നേടാന്‍ പാടുള്ളൂ, തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ പണം നേടുന്നത് ഹറാമാണ്. ഒരു മനുഷ്യന് പണം ഉപയോഗിച്ച് നല്ല പ്രവൃത്തികള്‍ ചെയ്യാന്‍കഴിയും. അതുപോലെതന്നെ അവന്‍ ചെലവഴിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അവന് സ്വര്‍ഗ്ഗംനേടാനും കഴിയും. അവന് ഹജ്ജിനും ഉംറയ്ക്കും പോകാം. സദഖ കൊടുക്കാം, ആവശ്യക്കാരെ സഹായിക്കാം, പള്ളി പണിയാം, ജനങ്ങളുടെ ആത്മീയ ഉയര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാം.

പ്രവാചകന്മാരായ ദാവൂദും (A.S) സുലൈമാനും (A.S) അവരുടെ കാലത്ത് രാജാക്കന്മാരായിരുന്നു.അവര്‍ വളരെ ധനികരായിരുന്നിട്ടും അവര്‍ പ്രവാചകന്മാരായിരുന്നു. വളരെ ധനികരായ മറ്റു ചില അസ്ബി റസൂലുകളും ((S.A.W) അവിടെയുണ്ടായിരുന്നു. അവരില്‍ ഏറ്റവും ധനികനായിരുന്ന ഒരാളായിരുന്നു ഹസ്‌റത്ത് അബ്ദുര്‍ റഹ്മാന്‍ ബിന്‍ ആഫ്, ഇന്നത്തെ കാലത്ത് മഹാ കോടീശ്വരന്‍എന്ന് വിശേഷിപ്പിക്കാവുന്ന ഒരാള്‍. എന്നിട്ടും വലിയ ദൈവവിശ്വാസിയായിരുന്നതിനാല്‍ ഹസ്‌റത്ത്അബ്ദുര്‍ റഹ്മാന്‍ സ്വര്‍ഗ്ഗത്തിന് അര്‍ഹനാണെന്ന് ജിബ്രയേല്‍ മാലാഖ പ്രവാചകനായ മുഹമ്മദിനെ (S.A.W) അറിയിച്ചു. ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത്, പണം, നിരുത്സാഹപ്പെടുത്തേണ്ട ഒന്നായി ഇസ്ലാം കാണുന്നില്ല എന്നാണ്.

ഒരു വ്യക്തിക്ക് ശരിയായ മാർഗ്ഗങ്ങളിലൂടെ സമ്പത്ത് നേടാനും, നീതിപൂര്‍വ്വമായിവിനിയോഗിക്കാനും, അതോടൊപ്പം വളരെ ഏറെ നല്ല പ്രവൃത്തികള്‍ ചെയ്ത് സ്വര്‍ഗ്ഗത്തില്‍ ഇടംതേടാനും കഴിയും.പണം കൂടുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്വവും കൂടുന്നു. ഒരുവന്റെ കണ്ണുകളെ അന്ധമാക്കാന്‍ ശക്തിയുള്ള ഐഹികസ്വത്തുക്കളിലൊന്നാണ് പണം. അല്ലാഹുവിന്റെ അനുഗ്രഹമായി മാത്രമേ പണത്തെ കാണാന്‍ പാടുള്ളൂ. അത് നിങ്ങളിലേയ്ക്ക് പകര്‍ന്നുതന്നതിന് നന്ദിയുള്ളവനായിരിക്കുകയും വേണം. അത് വിവേകത്തോടെയും നീതിനിഷ്ഠയോടെയുംവിനിയോഗിക്കണം. ആഡംബരങ്ങള്‍ക്കുവേണ്ടിയും, അനാവശ്യമായും പണം ചെലവഴിക്കാന്‍ പാടില്ല. നിങ്ങളുടെ കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി ആവശ്യമുള്ളത് ചെലവഴിക്കാം. എന്നാല്‍ സമ്പത്ത്പൂഴ്ത്തിവയ്ക്കുന്നതിനോട് ഇസ്ലാം യോജിക്കുന്നില്ല.

നിങ്ങള്‍ പണം എങ്ങനെ നേടുന്നുവെന്നുംഎങ്ങനെ ചെലവഴിക്കുന്നുവെന്നും അല്ലാഹു ശ്രദ്ധിക്കുന്നു. ഒരാള്‍ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി പരമാവധി പ്രവര്‍ത്തിക്കേതും അയാളുടെ ബന്ധുക്കള്‍ക്കും, അയല്‍ക്കാര്‍ക്കും, അത്യാവശ്യക്കാര്‍ക്കും ഉപകാരങ്ങള്‍ചെയ്യേതുമാണ്. ഈ സമീപനം സുസംഘടിതമായ ഇസ്ലാമിക ജീവിതത്തിന് സഹായകമായസഹകരണത്തിന്റേയും, സഹാനുഭൂതിയുടെയും, നീതിയുടെയും പ്രേരകശക്തിയായി മാറുകയുംചെയ്യും. അങ്ങനെയായാല്‍ എല്ലാ ബന്ധുക്കളും മറ്റുള്ളവരുമായും സഹകരിക്കുകയും, എല്ലാ ധനികരും അയല്‍ക്കാരുടെ ആവശ്യങ്ങളില്‍ സഹായിക്കുകയും അങ്ങനെ വളരെവേഗം അവര്‍ ഉദാരമതികളായ ആതിഥേയരുടെ വിശിഷ്ടാതിഥിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യും

അവകാശങ്ങളെക്കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് വളരെ വിശാലമാണ്; അതനുസരിച്ച് ഏതൊരു വ്യക്തിയുടെ മേലും അയാളുടെ സ്വത്തുക്കളിലും എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്. കാരണം സമ്പത്തും പണവും ഉള്‍പ്പടെ സകലതിന്റേയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാണ്. ആയതിനാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി കൂടി പ്രവര്‍ത്തിക്കാന്‍ ഏതൊരാളും ബാധ്യസ്ഥനാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോൾ അത് തന്റെ ഉദാരമനസ്ഥിതിയായി കാണാതെ, മറിച്ച് മറ്റുള്ളവരുടെ അവകാശങ്ങൾ അവരിലേക്ക്‌ എത്തിക്കുവാൻ അള്ളാഹു തന്റെ കൈകളെ അനുഗ്രഹിച്ചു എന്ന തിരിച്ചറിവും പ്രാർത്ഥനകളുമാണ് ഉണ്ടാകേണ്ടത്.

”ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ, ചെയ്യാതെ അതിനിടയ്ക്കുള്ള മിതമായ മാര്‍ഗ്ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.” (ഖുറാന്‍ 25:67)

”കുടുംബബന്ധമുള്ളവന് അവന്റെ അവകാശം നീ നല്‍കുക, അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും) നീ (ധനം) ദുര്‍വ്യയം ചെയ്തുകളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു.” (ഖുറാന്‍ 17:26-27)

”നിന്റെ കൈ നീ പിരടിയിലേയ്ക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിത്തീരും.” (ഖുറാന്‍ 17:29)

Share this article