“ഭൂമിയിലെ ഒരു സഹജീവി എന്ന നിലയില്‍ അത് ഓരോരുത്തരെയും ബാധിക്കുന്നു – ജീവിതത്തോടുള്ള സ്വയം കേന്ദ്രീകൃത സമീപനം, അത്യാഗ്രഹത്തില്‍ നിന്നുടലെടുക്കുന്നതായ സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങളുടെ പൊതുവായ അപചയം, വരും തലമുറകളോട് ഒരു ബഹൂമാനവുമില്ലാതെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുക – ഇവയൊന്നും നിങ്ങള്‍ക്ക് ഓടിയകലാന്‍ പറ്റുന്ന കാര്യങ്ങളല്ല.”
ധനം സാമ്പത്തിക വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമുള്ള ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ കടവും സാമ്പത്തിക ബാദ്ധ്യതകളും യഥാര്‍ത്ഥ സമ്പത്തിനെക്കാള്‍ ഉപരിയായി വളരുമ്പോള്‍, സമ്പത്ത് ഒരു മാര്‍ഗ്ഗം എന്നതല്ല മറിച്ച് ഒരു ലക്ഷ്യമായി മാറുന്നതാണ്. നോബല്‍ സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ അഭിപ്രായത്തില്‍, “സമ്പത്ത് ഒരു ലക്ഷ്യം നേടുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്നതിനു പകരം അതില്‍ത്തന്നെ ഒരു ലക്ഷ്യമായി മാറിയിരിക്കുന്നു.”
ശരിയ അനുവര്‍ത്തിത നിക്ഷേപം
ശരിയ അനുവര്‍ത്തിത നിക്ഷേപം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഇസ്ലാമിക നിയമസംഹിത പാലിക്കുന്ന നിക്ഷേപം എന്നാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമായി ഉത്തരവാദിത്തമുള്ളതായിരിക്കണമെന്നും സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ക്ഷേമത്തിനുതകുന്നത് പ്രദാനം ചെയ്യണമെന്നും ഇസ്ലാം അനുശാസിക്കുന്നു.
ശരിയാ നിയമങ്ങള്‍ ഇസ്ലാമിക നിയമസംഹിതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്, എന്നാല്‍ മതപരമായ ഒരു വീക്ഷണത്തില്‍ നിന്നുള്ളതിനെക്കാള്‍ കൂടുതലായി നാം അതിനെ അത് അടിസ്ഥാനപ്പെട്ടിരിക്കുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും പശ്ചാലത്തില്‍ കാണേണ്ടത് ആവശ്യമാണ്. അത് കൂടുതലായും ധാര്‍മ്മികമായും സാമൂഹ്യമായും ഉത്തരവാദിത്തമുള്ള നിക്ഷേപ തത്വങ്ങളാണ്. ശരിയാ നിക്ഷേപം അടിവരയിടുന്നത് ആസ്തിയുടെ പിന്‍ബലമുള്ള വായ്പനല്കലും നഷ്ടസാദ്ധ്യത പങ്കിടലുമാണ്.
ശരിയാ ധനകാര്യം ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അനാരോഗ്യം എന്നിവയില്‍ നിന്നു കരകയറാന്‍ ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമുള്ള തുല്യ അവകാശത്തില്‍ വിശ്വസിക്കുന്നു. അത് ഓരോ വര്‍ഷവും തങ്ങളുടെ സമ്പത്തിന്റെ ഒരു നിശ്ചിത ശതമാനം ആവശ്യത്തിലായിരിക്കുന്നവരുമായും ദരിദ്രര്‍ക്കായും പങ്കുവയ്ക്കുന്നതിനുള്ള ഒരു ബാദ്ധ്യത സമ്പന്നര്‍ക്ക് നല്കുന്നു. അത് സമ്പത്ത് പൂഴ്ത്തിവയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുകയും, നഷ്ടസാദ്ധ്യതയും അതിലൂടെ ലാഭവും അല്ലെങ്കില്‍ നഷ്ടവും കൂടി പങ്കുവച്ചുകൊണ്ട് വ്യാപാരത്തിലും വാണിജ്യത്തിലും പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ അതിജീവനത്തിനും ക്ഷേമത്തിനും ഹാനികരമായി പരിഗണിക്കുന്ന പ്രവൃത്തികളെ അല്ലെങ്കില്‍ വ്യാപാരങ്ങളെ ശരിയാ നിയമങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നു.
ശരിയാ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇസ്ലാം വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. അത് പണത്തെ കാണുന്നത് ഒരു വസ്തുവായല്ല മറിച്ച് കൈമാറ്റത്തിനുള്ള ഒരു ഉപാധിയായിട്ടാണ്. സമയ മൂല്യ സങ്കല്പം സ്വീകാര്യമല്ല. ആര്‍ക്കെങ്കിലും പണം കൈമാറുകയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള മറ്റൊരു തീയതിയില്‍ അത് പിന്നീട് തിരികെ വാങ്ങുകയും ചെയ്യുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ലാഭമെടുക്കാനാവില്ല. ഇത്തരമൊരു ഇടപാടില്‍ ഉല്പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനമൊന്നുമില്ല. പണത്തിന് സമയ മൂല്യം കല്പിക്കുന്നതിലൂടെ, കൂടുതല്‍ പ്രയത്നമൊന്നും കൂടാതെ തന്നെ പണം കൂടുതല്‍ പണമുണ്ടാക്കുന്നതിന് ഇടയാക്കുന്നു. പണം ഒരു ബാങ്കില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിലൂടെ സജീവ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ തന്നെ അത് വളരുന്നു. അതിന്റെ ഫലമായി സമ്പന്നര്‍ പണം കടം കൊടുക്കുന്നതിലൂടെ മാത്രം കൂടുതല്‍ സമ്പന്നരാകുന്നത് തുടരുന്നതാണ്. ദരിദ്രര്‍ ധനപരമായ കടത്തിന്റെ ഒരിക്കലും അവസാനിക്കാത്ത വലയത്തില്‍ തന്നെ തുടരുന്നതാണ്. ഇതാണ് ഇസ്ലാമില്‍ പലിശ (റിബ) നിരോധിക്കാന്‍ കാരണം. ഇസ്ലാമില്‍ നിങ്ങളുടെ പണം വളരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ വ്യാപാരത്തില്‍, ഉല്പാദനത്തില് അല്ലെങ്കില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പ്രവര്‍ത്തനത്തിന്റെ നഷ്ടസാദ്ധ്യത പങ്കുവയ്ക്കുകയും വേണം. പ്രവൃത്തി ലാഭത്തില്‍ കലാശിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ ഒരു പങ്ക് എടുക്കാവുന്നതാണ്, അത് നഷ്ടത്തിലാവുകയാണെങ്കില് നിങ്ങള്‍ അതും വഹിക്കേണ്ടതാണ്.
ചില വ്യവസായങ്ങള്‍, അതായത് മദ്യം, പുകയില, പന്നിയിറച്ചി ഉല്പന്നങ്ങള്, ചൂതാട്ടം, ലൈംഗിക ഉള്ളടക്കമുള്ളത്, പലിശ അധിഷ്ഠിതമായ ധനകാര്യ സേവനങ്ങള്‍, വന്‍ നാശം വിതയ്ക്കുന്ന ആയുധങ്ങള്‍ മുതലായവ ഇസ്ലാമില്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടിരിക്കുന്നു.
മദ്യത്തിന്റെയും പുകയിലയുടെയും നിരോധനം: മദ്യത്തിന്റെയും പുകയിലയുടെയും കാര്യത്തില്‍ അതിനുള്ള കാരണം സ്വയം വിശദീകരിക്കുന്നതാണ്, മിക്ക രാജ്യങ്ങളിലും അതിന് ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് നിയമപരമായ മുന്നറിയിപ്പ് നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഒരു സാമൂഹ്യ വിപത്താണ് എന്നത് കൂടാതെ. മദ്യപാനം പല ജീവതങ്ങളെയും നശിപ്പിക്കുകയും അതിന്റെ ഫലമായി പല കുടുംബങ്ങളെയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം, സാമൂഹ്യ മദ്യപാനം അല്ലെങ്കില്‍ പുകയിലയുടെ വല്ലപ്പോഴുമുള്ള ഉപയോഗം എന്നിവ കൂടുതലും ഒഴികഴിവുകള്‍ മാത്രമാണ്. മദ്യം സൃഷ്ടിക്കുന്ന എല്ലാ വിഷാംശങ്ങളും നമ്മുടെ ശരീരത്തില്‍ നിന്നു പുറത്തുപോകുന്നതിന് ഏകദേശം 10 ദിവസമെടുക്കും. പുകയില ആസക്തിയ്ക്കുള്ള അടിസ്ഥാന കാരണമായ നിക്കോട്ടിന് നമ്മുടെ ഹൃദയധമിനി, ശ്വാസ, വൃക്ക, പ്രത്യുല്പാദന വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്നു.
പന്നിയിറച്ചിയുടെ നിരോധനം: പന്നിയിറച്ചി നിരോധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ശാസ്ത്രവും പന്നിയിറിച്ചിയുടെ ആരോഗ്യ വിപത്തുകള്‍ക്ക് തെളിവുകള്‍ നല്കുന്നു. പന്നി മാലിന്യം മുതല്‍ ചത്ത മൃഗങ്ങള്‍ വരെയുള്ള എന്തും ആര്‍ത്തിയോടെ ഭക്ഷിക്കുന്നു. പന്നിയിറച്ചി മറ്റേത് മൃഗത്തിന്റെ മാംസത്തെക്കാളും കൂടുതല്‍ വിഷാംശങ്ങള്‍ ആഗിരണം ചെയ്യുന്നു. വിയര്‍ക്കാത്ത ഒരേയൊരു മൃഗമായതിനാല്‍ വിഷാംശങ്ങള്‍ മാംസത്തില്‍ അലിഞ്ഞുചേരുന്നു. മനുഷ്യന്റെ ഉപയോഗത്തിന് സൂരക്ഷിതമാകുന്ന വിധത്തില്‍ പന്നിയിറച്ചി വേവിക്കുന്നതിന് ആവശ്യമായ താപനില വളരെ ഉയര്‍ന്നതാണ്. അത് സാംക്രമികമായ സൂക്ഷജീവികളുടെയും രോഗങ്ങളുടെയും ഏറ്റവും സുഗമമായ വാഹകരിലൊന്നാണ്.
ചൂതാട്ടത്തിന്റെ നിരോധനം (മെയ്സിര്): ചൂതാട്ടം എന്നത് അതീവ ഭാഗ്യത്തിന്റെ അവസരത്തിനായി പണം വാതുവയ്ക്കലാണ്. അത് ദുഷ്ടതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നു. ഒരുവന്റെ സ്വന്തം കഴിവില്‍ വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതലായി അത് തികഞ്ഞ നഷ്ടസാദ്ധ്യതയും ഭാഗ്യത്തിനുള്ള അവസരവും എടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. അവസാനമായി, അത് ആസക്തിയില്‍ കലാശിക്കുകയും, വ്യക്തി തന്റെ സ്വാര്‍ത്ഥ വിജയത്തില്‍ മാത്രം തല്പരനാവുകയും, അത് ആര്ജ്ജിക്കുന്നതിനായി ഏത് ദൂഷ്പ്രവൃത്തിയിലും ഏര്‍പ്പെടുകയും ചെയ്തേക്കാം. അതിന്റെ ഫലമായി ഒരുവന് തന്റെ സത്യസന്ധതയും സ്വഭാവവും നഷ്ടപ്പെടുന്നു.
ലൈംഗിക ഉള്ളടക്കത്തിന്റെ നിരോധനം: തിന്മയും അധാര്‍മ്മികതയും വ്യഭിചാരവും പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികള്‍ ഇസ്ലാ നിരുത്സാഹപ്പെടുത്തുന്നു. അധാര്‍മ്മികതയും ലജ്ജയില്ലായ്മയും, പൊതുവായതായാലും സ്വകാര്യമായതായാലും, അറിഞ്ഞുകൊണ്ടുള്ളതായാലും അറിയാതെയുള്ളതായാലും നിരോധിക്കപ്പെട്ടിരിക്കുന്നു.
പലിശയുടെ (റിബ) നിരോധനം: പണം കടംകൊടുക്കല്‍, പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍, പണയപ്പെടുത്തല്‍, വിവിധ തരങ്ങളിലുള്ള വായ്പകള്‍ എന്നിങ്ങനെ പലിശയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക സേവനങ്ങള്‍ ശരിയായില് നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. ഒരു വ്യക്തി കഷ്ടപ്പാടില്‍ അല്ലെങ്കില്‍ അതീവ പ്രയാസത്തിലായിരിക്കുമ്പോള്‍ അയാള്‍ക്ക് അനുകമ്പ ആവശ്യമാണ്, അയാള്‍ക്ക് തന്റെ സഹജീവികളില്‍ നിന്നും പിന്തുണ ആവശ്യമാണ്. അത് തീര്‍ച്ചയായും അയാളില്‍ നിന്ന് കൂടുതല്‍ പലിശ ഈടാക്കി കൂടുതല്‍ പണമുണ്ടാക്കുന്നതിനും അങ്ങനെ കുടുതല്‍ പ്രയാസത്തിലേക്ക് അയാളെ തള്ളിവിടുന്നതിനുമുള്ള സമയമല്ല. ശരിയാ സാഹോദര്യവും അനുകമ്പയുമാണ് പ്രോത്സാഹിപ്പിക്കുന്നത്.
നിങ്ങള്‍ ഭാഗമായുള്ളതും, നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നിങ്ങള്‍ നിലനിര്‍ത്തുന്നതും, ആവശ്യമുള്ള സമയങ്ങളില്‍ പലിശ കൂടാതെ ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങള്‍ക്ക് ഒരു തുക കടമെടുക്കാനാവുന്നതുമായ ഒരു പലിശ രഹിത സഹകരണ സംവിധാനത്തെ കുറിച്ച് ചിന്തിക്കൂ. ഈ സഹകരണ സംവിധാനത്തിന് അംഗങ്ങളുടെ നിക്ഷേപത്തില്‍ നിന്നുള്ള സജീവമായ വ്യാപാര പ്രവൃത്തികളില്‍ നിന്ന് ലാഭം ഉണ്ടാക്കാനും, ലാഭമോ നഷ്ടമോ അവരുമായി പങ്കുവയ്ക്കാനും സാധിക്കും. വ്യക്തിഗതമായ സ്വകാര്യ സാമ്പത്തിക സഹായത്തിനുള്ള ഈ സഹകരണ സംവിധാനത്തിന്റെ സാദ്ധ്യതയെ കുറിച്ച് നാം വിശദാമായി വന്‍ കോര്‍പറേറ്റ് ധനകാര്യ ഇടപാടുകളുടെ കാര്യം സഹിതം പിന്നീട് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്.
വിനാശകാരികളായ ആയുധങ്ങളുടെ നിരോധനം: വിനാശകാരികളായ ആയുധങ്ങളുടെ ഉല്പാദവും ഉപയോഗവും ഇസ്ലാം നിരാകരിക്കുന്നു. ഈ ആയുധങ്ങള്‍ ഭൂമിയിലെ മനുഷ്യന്റെ നിലനില്പിനു തന്നെ ഒരു ഭീഷണിയാണ്.
അനിശ്ചിതത്വത്തിന്റെ (ഘരാര്) നിരോധനം: പ്രവാചകന് മുഹമ്മദ് (സ) ആകാശത്തിലെ പറവകളെയും, സമുദ്രത്തിലെ മത്സ്യത്തെയും, തള്ളയുടെ ഉദരത്തിലുള്ള കിടാവിനെയും വില്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു, “നിങ്ങളുടെ പക്കലില്ലാത്തത് വില്‍ക്കരുത്”. ഉടമസ്ഥത വ്യക്തമല്ലാത്തപ്പോള്‍ അല്ലെങ്കില്‍ സംശയാസ്പദമായിരിക്കുമ്പോള് അല്ലെങ്കില്‍ പരിണിതഫലം ഒരു ഭാവി സംഭവത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുമ്പോള്, ഘരാര് (അനിശ്ചിതത്വം) പ്രയോഗത്തിലാവുകയും അത് നിരോധിക്കപ്പെട്ടിരിക്കുയും ചെയ്യുന്നു.
വാരന്‍ ബഫറ്റിന്, സാമ്പത്തിക വികസനത്തിന്റെ വിപുലമായ തോതില്‍ ലോക വിപണിയില്‍ അദ്ദേഹത്തെ അലട്ടിയിരുന്ന ഒരു ധനകാര്യ ആസ്തി ഉണ്ടായിരുന്നു. ഓഹരി ഉടമകള്‍ക്ക് 2002ല്‍ എഴുതിയ ഒരു കത്തില്‍ അദ്ദേഹം എഴുതി, ڇഡെറിവേറ്റീവുകള്‍* ഇപ്പോള്‍ പ്രകടമല്ലാത്തതാണെങ്കിലും മാരകമാകാന്‍ സാദ്ധ്യതയുള്ളതായ വിപത്തുകള്‍ വഹിക്കുന്ന വിനാശകാരികളായ ധനകാര്യ ആയുധങ്ങളാണ്ڈ. 2008ലെ സാമ്പത്തിക തകര്‍ച്ചയോടെ അദ്ദേഹം പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു. 458 ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രെഡിറ്റ് ഡെറിവേറ്റീവുകളുടെ ഒരു നിരയായിരുന്നു. എന്നാല്‍ ലോകം ഇന്ന് അതിന്റെ പാഠങ്ങള്‍ പഠിച്ചിട്ടില്ല. ലോകം 542 ട്രില്ല്യണിലേറെ ഡോളറിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് ഡെറിവേറ്റീവുകളുടെ മൂല്യത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ഡെറിവേറ്റീവുകളുടെ അടിസ്ഥാനം തന്നെ അനിശ്ചിതത്വമാണ്. അത് പൂര്‍ണ്ണമായും അടിസ്ഥാനപ്പെട്ടിരിക്കുന്നത് മുന്‍കൂട്ടിക്കാണാനാവാത്ത ഒരു ഭാവി സംഭവത്തിലും, അന്തര്‍ലീനമായ ആസ്തിയിന്മേല് അതിന്റെ പ്രഭാവത്തിലുമാണ്. കരാറില്‍ കക്ഷികളായിരിക്കുന്നവര്ക്ക് അന്തര്‍ലീനമായിരിക്കുന്ന ആസ്തിയുടെ വിലയില്‍ അനുകൂലമായതോ പ്രതികൂലമായോതോ ആയ പ്രഭാവമുണ്ടാക്കിയേക്കാവുന്ന ഈ ഭാവി സംഭവം അനാവൃതമാകുന്നതില്‍ ഒരു നിയന്ത്രണവുമില്ല.
പൂഴ്ത്തിവയ്പും അത്യാഗ്രഹവും: ശരിയ പ്രകാരം പൂഴ്ത്തിവയ്പ് ഒരു പാപമാണ്. പൂഴ്ത്തിവയ്പിന് രണ്ട് പശ്ചാത്തലമുണ്ട്, ക്ഷാമകാലത്ത് ലാഭമുണ്ടാക്കാം എന്ന ഉദ്ദേശ്യത്തോടെ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും, ദരിദ്രര്‍ക്ക് നിര്‍ബന്ധമായും ചെയ്യാനുള്ള ദാനധര്‍മ്മം (സക്കാത്ത്) നല്‍കാതെ സമ്പത്ത് പൂഴ്ത്തിവയ്ക്കുന്നതും. ശരിയാ പ്രകാരം രണ്ടും വലിയ പാപങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. സമ്പത്ത് സൃഷ്ടിക്കുന്നതും സമ്പാദ്യവും ഇസ്ലാം വിലക്കിയിട്ടില്ല. മറിച്ച് അത് ക്ഷേമത്തിനുള്ള ഒരു മാര്‍ഗ്ഗമായും ഒരുവന്റെ അന്തസ്സ് നിലനിര്‍ത്തുന്നതിനുള്ള ഒരു ആവശ്യകതയായിട്ടുമാണ് പരിഗണിക്കപ്പെടുന്നത്.
ആഗോള വ്യക്തിഗത സമ്പത്തിന്റെ മിക്കവാറും പകുതിയോളം കോടീശ്വരന്മാരും ശതകോടീശ്വരന്മാരും കൈയ്യടക്കിവച്ചിരിക്കുന്ന വിധത്തിലാണ് പൂഴ്ത്തിവയ്പിന്റെയും അത്യാഗ്രഹത്തിന്റെയും ദൂഷ്യഫലങ്ങള്‍. 2017ലെ കണക്കനുസരിച്ച് ആഗോളവ്യാപകമായുള്ള വ്യക്തിഗത സമ്പത്ത് 201.9 ട്രില്ല്യണ്‍ യു.എസ്. ഡോളറാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും, അതവര് വളരെ വേഗതയില്‍ ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഇക്കാര്യത്തില്‍ ഏറ്റവും വേഗതയേറിയത് കഴിഞ്ഞ 5 വര്‍ഷങ്ങളായിരുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. നിര്‍ബന്ധിത കുടിയേറ്റം, ക്ഷാമം, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധ മേഖലകള്‍, ജീവനു ഭീഷണിയായ പകര്‍ച്ച വ്യാധികള്‍ എന്നിങ്ങനെ മനുഷ്യന്റെ കഷ്ടപ്പാടുകളുടെ പട്ടിക അവസാനമില്ലാത്തതാണ്. സമ്പത്തിനോടുള്ള അത്യാഗ്രഹം മൂലം, ദരിദ്രരുടെ ഉന്നമനത്തിനായും, പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണത്തിനായും, രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ക്കായും ചെലവഴിക്കാമായിരുന്ന പണം വ്യക്തികളും കോര്‍പറേറ്റുകളും പൂഴ്ത്തിവച്ചിരിക്കുകയാണ്.
ഓഹരിയുടമകളുടെ അത്യാഗ്രഹം: ‘ഓഹരിയുടമകളുടെ സമ്പത്ത് പരമാവധിയാക്കുകچ എന്നത് ഈ ലോകത്തിലെ ഓരോ കോര്‍പറേറ്റിന്റെയും ദൗത്യ പ്രസ്താവനയുടെ ഒരു ഭാഗമാണ് എന്ന വിധത്തില്‍ ഈ പദം കോര്‍പറേറ്റ് ലോകത്തില്‍ അത്രയധികം ചുറ്റിപ്പിണഞ്ഞിരിക്കുന്നു. څഓഹരിയുടമകളുടെ സമ്പത്ത് പരമാവധിയാക്കുക’ എന്നത് എന്തു വിലകൊടുത്താണ് നടപ്പിലാവുക എന്ന് ഒരിടത്തും സൂചിപ്പിച്ചിട്ടില്ല. കോര്‍പറേറ്റുകള്‍ ഈ ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ട്, കോര്‍പറേറ്റ് ഭരണത്തെ പിടിച്ചുലയ്ക്കുകയും, ജീവനക്കാരെ പിരിച്ചുവിടുന്നതിലും അനാരോഗ്യകരമായ മത്സരങ്ങളിലും, അന്തിമ ഉപഭോക്താവിന്റെ പണത്തിന് കുറഞ്ഞ മൂല്യത്തിലും കലാശിക്കുകയും ചെയ്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു. സത്യസന്ധത, ബിസിനസ്സ് നടത്തിപ്പില്‍ നീതി, ഉപഭോക്താക്കള്‍ക്ക് മൂല്യം കല്പിക്കല്, ധാര്‍മ്മിക ശീലങ്ങള്‍ പൂലര്‍ത്തുന്ന ഒരു പൈതൃകം എന്നിവയുമൊത്ത് നിങ്ങളുടെ നിക്ഷേപത്തോട് അന്തസ്സാര്‍ന്ന മൂല്യം കൂട്ടിച്ചേര്‍ക്കുന്ന കോര്‍പറേറ്റുകളുമായി സഹകരിക്കുന്നതിന്റെ ആനന്ദം അത്യാഗ്രഹത്തിന്റെ സ്ഥാനത്ത് കൊണ്ടുവരാനുള്ള സമയമായിരിക്കുന്നു.
ഉപസംഹാരം: ശരിയാ അനുവര്‍ത്തിക്കുന്ന നിക്ഷേപവും ധനകാര്യവും ഇന്നത്തെ ആധുനിക സാമ്പത്തിക സംവിധാനത്തിന്റെ ചട്ടം ആകേണ്ടതാണ്. സാമ്പത്തിക അസ്ഥിരതകളോട്, സമ്പത്ത് പൂഴ്ത്തിവയ്ക്കുന്നതിനോട്, റിബയോട്, മദ്യവും പുകയിലയും പോലെ ആസക്തിയും ദുരുപയോഗവും വളര്‍ത്തുന്ന ഉല്പന്നങ്ങളുടെ വ്യാപാരത്തോട്, വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികളോട്, അനാരോഗ്യത്തിനു കാരണമാകാന്‍ സാദ്ധ്യതയുള്ള വസ്തുക്കളുടെ വ്യാപാരത്തോട് നാം ഗുഡ് ബൈ പറയുന്നതിനും, വിനാശകാരികളായ ആയുധങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും സമയമായിരിക്കുന്നു. ഈ സമയത്ത്, എല്ലാ സഹജീവികളുടെയും അഭിവൃദ്ധിയ്ക്കുള്ള നീതിപൂര്‍വ്വകവും നിശ്ചിതവുമായ ഒരു പാതയില്‍ സാമ്പത്തികശാസ്ത്രത്തിന്റെ തത്വങ്ങള്‍ വിശദീകരിക്കുന്ന മറ്റൊരു സാമ്പത്തിക ചിന്താധാരയെ കുറിച്ച് ചിന്തിക്കാനാവില്ല.
*ഡെറിവേറ്റീവ്സ്: എന്നത് ഒരു അന്തര്‍ലീന ആസ്തിയിയെ ആശ്രയിച്ചിരിക്കുന്ന അല്ലെങ്കില്‍ അതില്‍ നിന്ന് ഉരുത്തിരിയുന്ന ഒരു ധനകാര്യ സെക്യൂരിറ്റിയാണ്. അത് അന്തര്‍ലീനമായ ആസ്തിയുടെ വിലയെ ബാധിച്ചേക്കാവുന്ന, പൂര്‍ണ്ണമായും അനിശ്ചിതമായ ഒരു ഭാവി സംവത്തെ സംബന്ധിച്ച് രണ്ട് കക്ഷികള്‍ക്കിടയിലുള്ള ‘പന്തയ’ത്തിന്റെ ഒരു രൂപമാണ്.